Cardamom Live
Login
കശ്മീരിലെ കർഷകരുടെ തലവര മാറ്റിയ 'ലാവെൻഡർ വിപ്ലവം'
Back to News
Info 16 Jul 2026, 02:33 PM

കശ്മീരിലെ കർഷകരുടെ തലവര മാറ്റിയ 'ലാവെൻഡർ വിപ്ലവം'

വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ലാവെൻഡർ പാടങ്ങൾ ഇപ്പോൾ ജമ്മു കശ്മീരിലും വ്യാപകമാകുന്നു. ഇന്ത്യയുടെ 'പർപ്പിൾ തലസ്ഥാനം' എന്ന് വിളിക്കപ്പെടുന്ന ജമ്മുവിലെ ഭാദേർവയിൽ 2016-17 കാലഘട്ടത്തിലാണ് ഈ കൃഷി ആരംഭിച്ചത്. ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ (IIIM) കർഷകർക്ക് ഇതിനായി സൗജന്യമായി തൈകൾ നൽകി വരുന്നുണ്ട്. ലാവെൻഡർ എണ്ണ ഉൽപാദിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.


● ഏഷ്യയിലെ ഏറ്റവും വലിയ ഫാം: കശ്മീരിലെ സിർഹാമ ഫാം ഏകദേശം 77 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനുപുറമേ പുൽവാമ, കിഷ്ത്വാർ, റംബാൻ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലും ഫാമുകൾ ഉണ്ട്.

● ലാവെൻഡർ എണ്ണ: 100 കിലോഗ്രാം പൂക്കളിൽ നിന്ന് ഒരു ലിറ്റർ എണ്ണ ഉത്പാദിപ്പിക്കാം. സൗന്ദര്യവർധക വസ്തുക്കൾ, അരോമതെറാപ്പി, ഔഷധ നിർമാണം, പെർഫ്യൂം എന്നിവയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.

● കർഷകർക്ക് മികച്ച വരുമാനം: പരമ്പരാഗത വിളകളേക്കാൾ ലാഭകരമാണ് ലാവെൻഡർ. 25 സെന്റിൽ ചോളം കൃഷി ചെയ്യുമ്പോൾ 12,000 രൂപ ലഭിക്കുന്ന സ്ഥാനത്ത്, ലാവെൻഡർ കൃഷിയിലൂടെ 40,000 മുതൽ 60,000 രൂപ വരെ നേടാം. ഒരു കിലോ പൂക്കൾക്ക് 10,000 മുതൽ 15,000 രൂപ വരെ വിലയുണ്ട്.

● കുറഞ്ഞ പരിപാലനം: ഈ ചെടിക്ക് വലിയ പരിചരണമോ ധാരാളം വെള്ളമോ ആവശ്യമില്ല. നട്ട് രണ്ടാം വർഷം മുതൽ വിളവെടുക്കാം. ഒരു ചെടിയിൽ നിന്ന് 13 വർഷത്തോളം പൂക്കൾ ലഭിക്കും. കൂടാതെ, കീടബാധയോ രോഗങ്ങളോ വളരെ അപൂർവ്വമാണ്.

● വിനോദസഞ്ചാരം: വിദേശത്തുപോയി ലാവെൻഡർ പാടങ്ങൾ കാണാൻ ആഗ്രഹിച്ചിരുന്ന ഒട്ടേറെ ആളുകൾ ഇപ്പോൾ ഈ 'പർപ്പിൾ വസന്തം' കാണാൻ കശ്മീരിലേക്ക് എത്തുന്നതിനാൽ വിനോദസഞ്ചാരമേഖലയ്ക്കും ഇത് മുതൽക്കൂട്ടാകുന്നു.

നല്ല സൂര്യപ്രകാശവും മണൽ കലർന്ന നീർവാർച്ചയുള്ള മണ്ണുമാണ് കൃഷിക്ക് അനുയോജ്യം. ദിവസവും 6-8 മണിക്കൂർ നേരിട്ട് വെയിൽ ലഭിക്കണം. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്താണ് ലാവെൻഡർ പാടങ്ങൾ പൂത്തുലയുന്നത്. 2023-24 വർഷത്തിൽ ഒന്നര ലക്ഷം തൈകൾ വിതരണം ചെയ്ത IIIM, 2025-26 വർഷത്തിൽ നാല് ലക്ഷം തൈകളാണ് കശ്മീരിലെമ്പാടുമായി വിതരണം ചെയ്തത്.
Published 19 hours ago