Cardamom Live
Login
വടക്കുകിഴക്കോട്ട് ഓടി റബ്ബർ; ചരിത്രനേട്ടം കൊയ്ത് കേരള നഴ്സറികൾ
Back to News
Info 15 Apr 2026, 05:01 PM

വടക്കുകിഴക്കോട്ട് ഓടി റബ്ബർ; ചരിത്രനേട്ടം കൊയ്ത് കേരള നഴ്സറികൾ

ആത്മയുടെ വടക്കുകിഴക്കൻ റബ്ബർ മിഷൻ 1.79 ലക്ഷം ഹെക്ടർ പിന്നിടുന്നു. ആറ് വർഷംകൊണ്ട് രണ്ട് ലക്ഷം ഹെക്‌ടർ എന്നതാണ് ലക്ഷ്യം. ഈ കുതിപ്പിൽ നേട്ടമുണ്ടാക്കി കേരളത്തിലെ റബ്ബർ നഴ്സറികളും.

2025-26-ൽ പശ്ചിമബംഗാളിലും ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും രണ്ട് ലക്ഷം ഹെക്‌ടറിൽ കൃഷി എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020-ലാണ് മിഷൻ തുടങ്ങിയത്. മികച്ച തൈകൾ എത്തിച്ച് നൽകാനുള്ള ചുമതല കേരളത്തിലെ നഴ്‌സറികളെയാണ് റബ്ബർ ബോർഡ് ഏൽപ്പിച്ചത്. ആദ്യ സമയത്ത് തൈകളുമായി ഇവിടെനിന്ന് മൂടിയില്ലാത്ത ബോഗികളുമായി തീവണ്ടികൾ വിട്ടിരുന്നു. പിന്നീട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തന്നെ തൈ ഉത്പാദിപ്പിക്കണമെന്ന് ബോർഡ് നിഷ്‌കർഷിച്ചതോടെ നഴ്‌സറികൾ അവിടേക്ക് ചുവടുവെച്ചു.

ഭൂമി വാങ്ങിയും വാടകയ്ക്ക് എടുത്തും പുതിയ വെല്ലുവിളി സ്വീകരിച്ച് അവർ മുന്നേറി. 8.3 കോടി തൈകളാണ് അഞ്ച് വർഷം കൊണ്ട് ഉത്പാദിപ്പിച്ച് കൊടുത്തത്. 50 ലക്ഷത്തോളം തൈകൾ നൽകിയ കോട്ടയം വടക്കേൽ നഴ്സറിയാണ് ഇവരിൽ മുമ്പൻ. 48 വർഷം പഴക്കമുള്ള നഴ്‌സറിക്ക് ഇത് ചരിത്ര നേട്ടമാണെന്ന് ഉടമ രാജു വടക്കേൽ പറഞ്ഞു.

ആർ.ആർ.ഐ.ഐ.-429 ഇനമാണ് ഇപ്പോൾ ബോർഡ് അവിടേക്ക് ശുപാർശ ചെയ്യുന്നത്. ഇതേവരെ ആർ.ആർ.ഐ.എം.-600 ഇനമായിരുന്നു അവിടെ കൃഷി ചെയ്തിരുന്നത്. മൂന്ന് മാസം കൊടും തണുപ്പും മറ്റുമുള്ള അവിടേക്ക് യോജ്യമായത് 429 ഇനമാണെന്ന് റബ്ബർ ഗവേഷണകേന്ദ്രം കണ്ടെത്തിയതോടെയാണ് മാറ്റം.

വടക്കേൽ നഴ്സറി ഇതിൻ്റെ 1.25 ലക്ഷം മാതൃസസ്യങ്ങളെ അവിടെ ഉത്പാദിപ്പിച്ച് കഴിഞ്ഞു. 113 ജില്ലകളിലാണ് ഇപ്പോൾ കൃഷി മുന്നോട്ട് പോകുന്നത്. 2.02 ലക്ഷം കൃഷിക്കാർ ഇതിന്റെ ഭാഗമായി.
Published 1 day ago