Cardamom Live
Login
ലഡാക്കിലെ തരിശുഭൂമിയിൽ വസന്തം തീർത്ത് 15 വനിതകൾ; ഇത് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൂക്കൃഷി
Back to News
Info 02 Oct 2026, 07:20 AM

ലഡാക്കിലെ തരിശുഭൂമിയിൽ വസന്തം തീർത്ത് 15 വനിതകൾ; ഇത് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൂക്കൃഷി

സമുദ്രനിരപ്പിൽ നിന്ന് 10,600 അടി ഉയരത്തിൽ, മഞ്ഞുറയുന്ന കാറ്റിലും പാറക്കെട്ടുകൾക്കിടയിലും വർണ്ണവസന്തം വിരിയിച്ച് ചരിത്രം കുറിക്കുകയാണ് ലഡാക്കിലെ ചോങ്ലാംസർ ഗ്രാമത്തിലെ 15 വനിതകൾ. തരിശുഭൂമിയെന്ന് കരുതിയിരുന്ന ലഡാക്കിലെ മണ്ണിൽ ലിലിയം പുഷ്പങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത് ഇവർ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള പൂക്കൃഷി തോട്ടം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ചോങ്ലാംസറിലെ ഈ പൈലറ്റ് പ്രോജക്ടിലൂടെ ആദ്യഘട്ടത്തിൽ മാത്രം 15,000 എ-ഗ്രേഡ് ലിലിയം പൂക്കളാണ് വിളവെടുത്തത്. ചുവപ്പ്, പിങ്ക്, വെള്ള, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ഈ പൂക്കൾ ലേ വിമാനത്താവളത്തിൽ നിന്ന് ഡൽഹി, മുംബൈ, ചണ്ഡീഗഡ് തുടങ്ങിയ വൻനഗരങ്ങളിലെ വിപണികളിലേക്ക് വിമാനമാർഗം കയറ്റി അയച്ചു കഴിഞ്ഞു. 5 മുതൽ 7 ദിവസം വരെ കേടുകൂടാതെ ഇരിക്കുന്ന ഈ പൂക്കൾക്ക് ഉത്തരേന്ത്യൻ വിപണികളിൽ വലിയ പ്രിയമാണുള്ളത്.

കഠിനമായ കാലാവസ്ഥയെ അതിജീവിച്ച് കൃഷിയിറക്കിയ ഈ 15 വനിതകൾക്ക്, ദിവസേന 900 രൂപയോളം വേതനവും സ്വന്തം നാടിനടുത്ത് തന്നെ സ്ഥിരവരുമാനവും കണ്ടെത്താൻ ഈ പദ്ധതിയിലൂടെ സാധിച്ചു. ഒരു പ്രാദേശിക സസ്യശാസ്ത്രജ്ഞന്റെ സഹായത്തോടെ നഗരങ്ങളിലെ വലിയ പൂ വ്യാപാരികളുമായി നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞതിനാൽ ഇടനിലക്കാരുടെ ചൂഷണവും ഒഴിവാക്കാനായി.

വരണ്ട മലനിരകൾക്കും തരിശുഭൂമികൾക്കും പേരുകേട്ട ലഡാക്കിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് ഈ സംരംഭമെന്ന് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന പറഞ്ഞു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിൽ, വരും വർഷത്തിൽ ലഡാക്കിലെ 200 ഏക്കറോളം സ്ഥലത്തേക്ക് വാണിജ്യ പുഷ്പകൃഷി വ്യാപിപ്പിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. വിനോദസഞ്ചാര മേഖലയ്ക്കും ഈ പുഷ്പവസന്തം വലിയ സാധ്യതകളാണ് നൽകുന്നത്.
Published 1 week ago